SCIENCE CLUB


JULY : 21 - Moon Day ജൂലൈ 21 - ചാന്ദ്രദിനം. ചന്ദ്രന്‍ ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രന്‍. ഭൂമിയില്‍ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റര്‍ ദൂരെയാണ് ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാര്‍ദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തില്‍ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ ചന്ദ്രന് 27.3 ദിവസങ്ങള്‍ വേണം. ആദ്യമായി ചന്ദ്രോപരിതലം സ്പര്‍ശിച്ച മനുഷ്യനിര്‍മിത വസ്തു ലൂണ 2 ആണ്‌. 1959-ല്‍ ഈ വാഹനം ചന്ദ്രോപരിതലത്തില്‍ വന്നിടിച്ച്‌ തകരുകയാണുണ്ടായത്‌. ഇതേ വര്‍ഷം തന്നെ മറ്റൊരു മനുഷ്യ നിര്‍മിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്‌ അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതില്‍ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ല്‍ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന്‌ അവകാശപ്പെട്ടതാണ്‌. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിര്‍വഹിച്ചെങ്കിലും മനുഷ്യന് കാലുകുത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ വിജയകരമായി കാലു കുത്തിയത്‌ 1969-ല്‍ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യന്‍ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌. ചാന്ദ്രപര്യവേഷണങ്ങള്‍ മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ ആരംഭിച്ച യജ്ഞം അമേരിക്കയുടെ ശൂന്യാകാശഗവേഷണ കേന്ദ്രമായ നാസയുടെ 1967-ല്‍ ആരംഭിച്ച അപ്പോളോ -1 ദൗത്യം ആയിരുന്നു. 1967 ജനുവരി 27 ന്‍ തുടങ്ങിയ അപ്പോളോ -1 ദുരന്തമായിത്തീര്‍ന്നു. പേടകത്തിന്‌ തീപിടിച്ച് യാത്രികര്‍ മൂന്നുപേരും മരിച്ചു. എന്നാല്‍ അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. 1969-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതില്‍ അമേരിക്ക വിജയിച്ചു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടര്‍ ആയിരുന്നു അദ്ദേഹം. എഡ്വിന്‍ ആല്‍ഡ്രിന്‍ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനില്‍ കാല്‍ വച്ചശേഷം നീല്‍ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു " ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചു ചാട്ടമാണ്‌ " അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളില്‍ നിന്നായി പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ ഹാരിസണ്‍ ജാക്ക്സ്മിത്ത്, അലന്‍ ബീന്‍, ചാള്‍സ് ദ്യൂക്ക് എഡ്ഗാര്‍ മിച്ചല്‍, അലന്‍ ഷെപ്പേര്‍ഡ്, ഡേവിഡ് സ്കോട്ട്, ജയിംസ് ഇര്‍വിന്‍, ജോണ്‍ യങ്, ചാള്‍സ് കോണ്‍റാഡ്, യൂജിന്‍ സര്‍ണാന്‍ എന്നിവരാണ്‌. ഇതുവരെ ചന്ദ്രനില്‍ ഏറ്റവും അവസാനം ഇറങ്ങിയത്‌ അപ്പോളോ 17 എന്ന വാഹനത്തില്‍ സഞ്ചരിച്ച്, 1972 ഡിസംബറില്‍ ചന്ദ്രനില്‍ കാലുകുത്തിയ യൂജിന്‍ സെര്‍നാന്‍ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959-ല്‍ റഷ്യന്‍ പേടകമായ ലൂണ-3 ആണ്‌. ചന്ദ്രനില്‍ നിന്ന്‌ പല ദൌത്യങ്ങളിലായി പാറക്കഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചിട്ടുണ്ട്‌. അപ്പോളോ ദൌത്യങ്ങളുടെ ഭാഗമായി ഭൂകമ്പമാപിനികളും, റിഫ്ലക്റ്റീവ് പ്രിസങ്ങളും ഉള്‍പ്പെടെ പല ശാസ്ത്രീയ ഉപകരണങ്ങളും ചന്ദ്രനില്‍ സ്ഥാപിച്ചിട്ടുണ്ട്‌. അതില്‍ പലതും ഇന്നും പ്രവര്‍ത്തനനിരതമാണ്. 2004 ജനുവരി 14-ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങള്‍ ചെയ്യും എന്ന്‌ പ്രഖ്യാപിച്ചു. സമീപഭാവിയില്‍ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പദ്ധതി തയ്യാറാക്കുന്നു. ചൈനയുടെ ചാങ്-എ ചാന്ദ്രപദ്ധതിയിലെ ആദ്യ ബഹിരാകാശവാഹനമായ ചാങ്-എ 1 ഒക്ടോബര്‍ 24 2007-ന്‌ വിജയകരമായി വിക്ഷേപിച്ചു. 2020-ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ്‌ പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം. 2007-ല്‍ തന്നെ ജപ്പാന്‍ ചാന്ദ്രവാഹനമായ സെലീന്‍ വിക്ഷേപിച്ചു. ഇന്ത്യയുടെ ചാന്ദ്രഗവേഷണപദ്ധതിയാണ്‌ ചാന്ദ്രയാന്‍. ഈ പദ്ധതിയിലെ ആദ്യ ബഹിരാഹാശവാഹനമായ ചാന്ദ്രയാന്‍-1 ഒക്ടോബര്‍ 22 2008 ന്‌ വിജയകരമായി വിക്ഷേപിച്ചു. പത്ത് മാസത്തെ പ്രവര്‍ത്തനത്തിനു ശേഷം ഓഗസ്റ്റ് 29 2009 ന് ബഹിരാകാശപേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചാന്ദ്രയാന്‍-2 2010-ലോ 2011-ലോ വിക്ഷേപിക്കാനാണ്‌ ഐ.എസ്.ആര്‍.ഓ. ഉദ്ദേശിക്കുന്നത്. ഒരു റോബോട്ടിക് റോവര്‍ ഈ പദ്ധതിയുടെ ഭാഗമായുണ്ടാകും. 2020 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്. Prepared By SCIENCE CLUB ST MARY'S HSS PARIYAPURAM

No comments:

Post a Comment